Kerala
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് കെ.സി.വേണുഗോപാൽ എംപി ഡിജിപിക്ക് പരാതിനൽകി. തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് അപകീർത്തികരമായ പോസ്റ്റുകളിടുന്നു. ഇത്തക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേനയാണ് പ്രചരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തന്നെ വ്യക്തിഹത്യ നടത്തുന്നതിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്.
അടിസ്ഥാന രഹിതമായ പ്രചരണം നടത്തിയവർക്കെതിരെ ബിഎൻഎസിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും കെ.സി.വേണുഗോപാൽ പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു.
Kerala
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതിക്കേസിൽ തെറ്റായ വിവരം നൽകിയതിന് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി പിഴയിട്ടു. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ ചുമത്തി.
നെതർലാൻഡിലേക്ക് അന്വേഷണത്തിന് പോകാനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സർക്കാർ നൽകിയില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു രാവിലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും വിവരങ്ങൾ ധരിപ്പിച്ചെന്നും സംസ്ഥാനത്തിനായി ഹാജരായ ജയന്ത് മുത്തുരാജ് കോടതിയിൽ വ്യക്തമാക്കി.
തുടർന്ന് ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോൾ കേന്ദ്രം നിലപാട് തിരുത്തി. ഇതോടെ രൂക്ഷമായ വിമർശനം നടത്തിയാണ് സുപ്രീംകോടതി പിഴ ചുമത്തിയത്. 50,000 രൂപ പിഴ ചുമത്തുമെന്ന് ജസ്റ്റീസ് രാജേഷ് ബിന്‍ഡാല്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് പിഴ കുറയ്ക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് ശരിയായ ദിശയിലാണ് അന്വേഷിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് പിന്നാലെയാണ് ഡിജിപി പ്രതികരണവുമായി രംഗത്തുവന്നത്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് എസ്ഐടി പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. അന്വേഷണ സംഘത്തിനുമേൽ ഒരുതരത്തിലുള്ള സമ്മർദവുമില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും ഡിജിപി പറഞ്ഞു.
എസ്ഐടിക്ക് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ ഹാജരായ തന്ത്രിയെ ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കൊള്ളയിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രി കണ്ഠരര് രാജീവരാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴിനൽകിയിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആരോപണങ്ങളുമായി അതിജീവിതയുടെ ഭർത്താവ്. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നു.
തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും പരാതിയിൽ പറയുന്നു. തങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നാണ് രാഹുലിന്റെ വാദം.
എന്നാൽ പ്രശ്നം പരിഹരിക്കാനായിരുന്നെങ്കിൽ തന്നെയായിരുന്നു ബന്ധപ്പെടേണ്ടിയിരുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Kerala
കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽവച്ച് ഗർഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. നോർത്ത് എസ്എച്ച്ഒയായിരുന്ന പ്രതാപ ചന്ദ്രനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി.
2024 ജൂണിലാണ് കൊച്ചി സ്വദേശി ഷൈമോൾക്കാണ് മർദനമേറ്റത്. മഫ്തിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ പൊതു സ്ഥലത്തു നിന്നിരുന്ന യുവാക്കളെ മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഇവരുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു.
തുടർന്ന് പോലീസ് ഇയാളെ പിടികൂടി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഷൈമോളെ എസ്എച്ച്ഒ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങൾ യുവതിക്ക് ലഭിച്ചത്.
നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയാണ് പ്രതാപ ചന്ദ്രൻ. ഇയാൾക്കെതിരെ സമാനപരാതികൾ മുമ്പും ഉയർന്നിട്ടുണ്ട്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഊമക്കത്ത് പ്രചരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഡിജിപിക്ക് പരാതി നൽകി.
കേസിന്റെ വിധി പ്രസ്താവിക്കുന്നതിന് മുൻപ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്നും അത് ഊമക്കത്തായി പ്രചരിച്ചെന്നുമാണ് ആരോപണം. കഴിഞ്ഞ എട്ടിനാണ് കേസിൽ കോടതി വിധി പറഞ്ഞത്. ഒന്നുമുതൽ ആറുവരെയുള്ള പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി.
എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതേവിടുകയും ചെയ്തു. എന്നാൽ വിധി പറയുന്നതിന് ഒരാഴ്ച മുൻപ് തന്നെ വിധിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഊമക്കത്തായി പ്രചരിച്ചെന്നാണ് ആരോപണം. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾക്കടക്കം ഈ ഊമക്കത്ത് ലഭിച്ചിരുന്നു.
Kerala
പത്തനംതിട്ട: ഡിജിപി റവാഡാ ചന്ദ്രശേഖറും കുടുംബവും ശബരിമലയിൽ ദർശനം നടത്തി. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡിജിപി അറിയിച്ചു.
എല്ലാ ദിവസവും 80,000ത്തിനു മുകളിൽ ഭക്തർ സന്നിധാനത്ത് എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 85000ത്തിലധികം ഭക്തരാണ് എത്തിയത്. സുരക്ഷ ഉറപ്പാക്കാനും ദർശനം സുഗമമാക്കാനും മികച്ച ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി മൂവായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
Kerala
തിരുവനന്തപുരം: നടി പീഡനത്തിന് ഇരയായ കേസിനെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി മുൻ ഡിജിപി ടി.പി.സെൻകുമാര്‍. ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയതെന്ന് 2017 ൽ തന്നെ താൻ പറഞ്ഞിരുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനുശേഷം അയാൾക്കെതിരെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങൾ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടതെന്നും സെൻകുമാര്‍ ചോദിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടത്.
അത് ഒരു പ്രീ ഡിസ്പോസ്ഡ് കണ്ടീഷനിൽ ആയിരിക്കരുത് അന്വേഷണ തലവനും അന്വേഷണ സംഘവും. ഓപ്പൺ മൈൻഡോടുകൂടി വേണം കേസ് അന്വേഷിക്കേണ്ടത്. ഈ കേസിൽ മാത്രമല്ല ഇനിയും പല കേസുകളിലും ഇത്തരം കാര്യങ്ങൾ പുറത്തുവരും. അതിൽ ഒന്നായിരിക്കും ആലുവയിൽ ട്രെയിനിൽ നിന്ന് ഒരു സ്ത്രീയെ പുഴയിൽ തള്ളിയിട്ടു കൊന്നുവെന്ന കേസ്.
പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധർ ആയിരിക്കണം. ഞാൻ അന്വേഷിക്കുന്ന കേസിൽ എല്ലാം ഞാൻ പറയുന്നവരാണ് പ്രതികൾ എന്നല്ല പറയേണ്ടത്. അതിലെ തെളിവുകൾ എന്തെല്ലാമാണ് അതിന്റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകേണ്ടത്. കള്ള തെളിവുകൾ ഒരിക്കലും ഉണ്ടാക്കരുതെന്നും സെൻകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. ബംഗളൂരു സ്വദേശി കെപിസിസിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. കോൺഗ്രസ് നേതൃത്വത്തിന് ഇമെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. കേരളത്തിലെത്തിയ സമയത്ത് പത്തനംതിട്ടയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പീഡനത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് യുവതി ഇമെയിൽ മുഖേന പരാതി അയച്ചത്. 2023ൽ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നു യുവതി പറയുന്നു.
തുടർന്ന് രാഹുൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നെങ്കിലും നിയമനടപടിക്ക് തയാറല്ലെന്ന് യുവതി അറിയിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി എ.ഉമേഷിനെതിരെ നടപടിവരുന്നു. ഉമേഷിനെതിരായ റിപ്പോര്‍ട്ട് ഡിജിപി തിങ്കളാഴ്ച സര്‍ക്കാരിന് നൽകും. ഇതിനുശേഷമായിരിക്കും നടപടിയുണ്ടാവുക.
അതേസമയം ആരോപണ വിധേയനായ ഡിവൈഎസ്പി ഉമേഷ് ശനിയാഴ്ച മുതൽ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇസിജിയിൽ വ്യതിയാനം വന്നതിനെതുടര്‍ന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
Kerala
തിരുവനന്തപുരം: യുവതി പീഡനപരാതി നൽകിയതിനു പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും.
നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. വാട്സാപ്പ് ചാറ്റുകളും ഓഡിയോ സംഭാഷണങ്ങളും ഉൾപ്പടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. ഇന്ന് രാത്രിയോടെ തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുമെന്നും എഫ്ഐആർ ഇടുമെന്നും സൂചനയുണ്ട്.
നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. ഹൂ കെയേഴ്സ് എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം.
Kerala
തിരുവനന്തപുരം: ഡല്‍ഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനയും പോലീസ് വിന്യാസവും ശക്തമാക്കി. സംസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഉള്പ്പെടെയുള്ളിടത്താണ് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പോലീസ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവള പരിസരം, തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്, കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്, തമ്പാനൂര്‍ ബസ് ഡിപ്പോ, കിഴക്കേകോട്ട ബസ് ഡിപ്പോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ ലഗേജുകള്‍ ഉള്‍പ്പെടെ സ്കാനര്‍ ഉള്‍പ്പെടെയുളള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് മേധാവിമാരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ പരിശോധന പുരോഗമിക്കുന്നത്. സംശയാസ്പദമായി നിലയിൽ വ്യക്തികളെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഗേജുകളും കാണപ്പെട്ടാല്‍ ജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍പിഎഫ്, സായുധ പോലീസ് ഉള്‍പ്പെടെ പരിശോധന സംഘത്തിലുണ്ട്.